ദേവികുളം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി

ഇടുക്കി: ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി കുമാര്‍ ഹൈക്കോടതിയില്‍. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ സംവരണ മണ്ഡലമായ ദേവികുളത്ത് നിന്നും മത്സരിച്ച് ജയിച്ചതെന്നാണ് ആരോപണം.

ദേവികുളം മണ്ഡലം രൂപീകൃതമായത് മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ്. ഇത്തവണ എംഎല്‍യായ എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണെന്നാണ് ഡി കുമാറിന്റെ ആരോപണം. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്‌ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജ. അദ്ദേഹവും ഇതേ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡി കുമാറിനെ 7848 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇടതു സ്ഥാനാര്‍ഥി എ രാജ വിജയിച്ചത്. ഹര്‍ജി നിയമപരമായി നേരിടുമെന്ന് എ രാജ വ്യക്തമാക്കി.

Top