മരംമുറി വിവാദം കത്തിച്ച് പ്രതിപക്ഷം; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്‌നാടിനു അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍. അനുമതി നല്‍കിയത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തമിഴ്നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടന്നതായി ഉത്തരവില്‍നിന്നു വ്യക്തമാകുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍, സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി ഒരുനടപടിയും ഉണ്ടാവില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടുവെന്നും അതില്‍ 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടത് ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു. പുതിയ ഡാം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Top