‘സർക്കാരിനെ പരിഹസിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്’ – മുഖ്യമന്ത്രി

കണ്ണൂർ: സര്‍ക്കാരിന്റെ കുറവുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് പകരം പരിഹസിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ദുരന്തങ്ങളിലും പ്രതിസന്ധികളിലും ഒന്നിച്ചുനില്‍ക്കാന്‍ പ്രതിപക്ഷം തയാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

“കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ കുറവുകള്‍ ഉയര്‍ത്തികാണിക്കാനല്ല പ്രതിപക്ഷം ശ്രമിക്കുന്നത്. സാധാരണ വഴി വിട്ട് സഞ്ചരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് ഒരു ഘട്ടത്തില്‍ അവര്‍ പയറ്റി നോക്കി. ഈ അഞ്ച് വര്‍ഷ കാലയളവില്‍ നാം നേരിടേണ്ടിവന്ന അനേകം പ്രതിസന്ധികളുണ്ട്. ആ ഘട്ടത്തിലൊന്നും ഇത്തരം ആളുകളില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നില്ല.”മുഖ്യമന്ത്രി വ്യക്തമാക്കി.

“കൊവിഡ് വന്നപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആളുകള്‍ വലിയ പ്രയാസത്തിലായി. ലോക്ക്ഡൗണ്‍ വന്നതോടെ പുറത്തിറങ്ങാനാകാതായി. നമ്മുടെ നാട്ടിലെ ലക്ഷങ്ങള്‍ അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന വരുമാനംകൊണ്ട് ജീവിക്കുന്നവരാണ്. അവരുടെ കൈയില്‍ വേറെ ബാങ്ക് ബാലന്‍സ് ഒന്നുമില്ല. ലോകത്ത് ആകെയുള്ള ദരിദ്ര ജനവിഭാഗം മുഴുപട്ടിണിയിലാകുന്ന സ്ഥിതി വന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ആരും പട്ടിണി കിടക്കരുത് എന്ന നിലപാട് നമ്മള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് പറഞ്ഞപ്പോള്‍ നാട് അത് ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.”

 

 

Top