കൊച്ചി: ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ധീരജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നിരപരാധികളെങ്കില്‍ സംരക്ഷിക്കുമെന്നാണ് കെ സുധാകരന്‍ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആറ് പേര്‍ ചേര്‍ന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, കൊവിഡ് മാനദണ്ഡം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സിപിഎമ്മിന്റെ മരണത്തിന്റെ വ്യാപാരികളെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും യുഡിഎഫും കോണ്‍ഗ്രസും മാറ്റിവെച്ചു. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനങ്ങളും തിരുവാതിരയും നടത്തുകയാണ്. ജില്ല കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നത്. 50 പേരുടെ പരിപാടിക്ക് അനുമതിയുള്ളിടത്ത് 250 പേര്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഡിപിആര്‍ പ്രകാരം റെയിലിന് ചുറ്റും 200 കിലോമീറ്ററോളം മതില്‍ കെട്ടുമെന്നാണ്. ഇതൊരു കോറിഡോര്‍ ഡാം പോലെയാകും. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല റെയില്‍ പോകുന്നതെന്ന വാദവും തെറ്റാണ്. സില്‍വര്‍ ലൈനിന് തൊട്ടടുത്ത് പരിസ്ഥിതി ലോല മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വഹിച്ചത്. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കില്‍ തിരുത്താന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. പിടി തോമസിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.