തിരുവനന്തപുരം: ആസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ അഭിനേത്രിയാണ് ലളിത. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല.
നാടകവേദി മൂര്‍ച്ച കൂട്ടിയതാണ് കെപിഎസി ലളിതയുടെ അഭിനയ പാടവം. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്കാണ് അവസാനമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈയില്‍ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവര്‍ന്ന അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ കെപിഎസി ലളിതയെ വെല്ലാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
മലയാള സിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.
നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.