തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരത്തിയ കണക്കുകളും അവകാശവാദങ്ങളും പൂര്‍ണമായും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി വ്യാജമദ്യം വന്‍തോതില്‍ വ്യാപിച്ചുവെന്നും മദ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചുവെന്നുമുള്ള കണ്ടെത്തലുകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
2015-16, 2016-17 വര്‍ഷങ്ങളില്‍ യഥാക്രമം 3614 ലിറ്ററും 2873 ലിറ്ററും വ്യാജസ്പിരിറ്റ് മാത്രമാണ് പിടിച്ചെടുത്തതെന്ന് പുതിയ മദ്യനയത്തിന്റെ ഭാഗമായുള്ള എക്‌സൈസ് വകുപ്പിന്റെ കണക്കില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ 2013-14, 2014-15 വര്‍ഷങ്ങളില്‍ യഥാക്രമം 34843 ലിറ്റര്‍, 31899 ലിറ്റര്‍ വ്യാജസ്പിരിറ്റാണ് പിടിച്ചെടുക്കപ്പെട്ടത്. അതിനര്‍ത്ഥം ഒന്നുങ്കില്‍ വ്യാജമദ്യം തടയുന്നതില്‍ സര്‍ക്കാരും, എക്‌സൈസ് വകുപ്പും പൂര്‍ണ്ണമായും പരാജയപ്പെട്ടു, അല്ലെങ്കില്‍ വ്യാജമദ്യത്തിന്റെ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ല. എന്താണ് യഥാര്‍ത്ഥ വസ്തുതയെന്ന് സര്‍ക്കാര്‍ ജനങ്ങളെബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.