മഞ്ചേശ്വരത്ത് രണ്ട് തന്ത്രിമാര്‍ക്കെതിരെയാണ് യുഡിഎഫ് പോരാട്ടം: ചെന്നിത്തല

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് രണ്ട് തന്ത്രിമാര്‍ക്കെതിരെയാണ് യുഡിഎഫ് പോരാട്ടമെന്ന് രമേശ് ചെന്നിത്തല. അവിടത്തെ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ കപട ഹിന്ദുക്കളാണെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ശിഷ്യനാണ് സിപിഎം സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് യുഡിഎഫ്- ബിജെപി മത്സരമാണ് നടക്കുന്നത്. മണ്ഡലത്തില്‍ ബിജെപി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്. ബിജെപി കര്‍ണാടക അധ്യക്ഷന്റെ മഞ്ചേശ്വരം കശ്മീരെന്ന പ്രസ്താവന ഇതിന് ഉദാഹരണമാണ്. ബിജെപി സ്ഥാനാര്‍ത്ഥി ഇടത് സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കുന്നത് കണ്ടു. ഇത് ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗമാക്കിയ തീരുമാനം സിപിഎമ്മിന് ശബരിമലയില്‍ നിലപാട് മാറ്റമില്ലെന്നതിന്റെ തെളിവാണ്. ശബരിമല മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥിയുടെ നിലപാടാണോ എന്ന് എല്‍ഡിഎഫ് വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ യുഡിഎഫിന് വ്യക്തമായ നിലപാടുണ്ട്. വീണ്ടും മണ്ഡലകാലം വരികയാണ്. ഇനിയും സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്ത്രീ പ്രവേശനത്തിനെതിരായ നിയമനിര്‍മാണം നടത്തുമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.

Top