തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പില്‍ മന്ത്രി കെ ടി ജലീല്‍ അനധികൃതമായി ഇടപെട്ടുവെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. സാങ്കേതിക സര്‍വകലാശാലകളുടെ പരീക്ഷാ നടത്തിപ്പിനായി എക്‌സാമിനേഷന്‍ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു കൊണ്ടിറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തിയത്.
പരീക്ഷാ നടത്തിപ്പിനായി പുതിയ കമ്മിറ്റി രൂപീകരിച്ച് മന്ത്രി ഉത്തരവിറക്കിയത് സര്‍വ്വകലാശാല സ്വയംഭരണാവകാശത്തിന്മേലുള്ള കൈ കടത്തലാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. പരീക്ഷാ കണ്‍ട്രോളറുടെ നിയന്ത്രണത്തിലൂണ്ടായിരുന്ന കമ്മിറ്റിയെ മാറ്റി 6 അംഗസമിതിക്ക് സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന്റെ തെളിവ് സഹിതം പുറത്തുവന്ന സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന കത്തില്‍ ഉന്നയിക്കുന്നു.
സാങ്കേതിക സര്‍വകലാശാലയിലെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനും പരീക്ഷ നടത്തിപ്പ് പരിഷ്‌ക്കരണത്തിനും മന്ത്രി നേരിട്ട് ഇടപ്പെട്ടുവെന്ന പുതിയ ആരോപണം ഇന്നലെയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാല്‍ പരീക്ഷാ നടത്തിപ്പില്‍ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് പരീക്ഷാ സമിതി കാര്യക്ഷമമാക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി ഇറക്കിയ ഉത്തരവ് അതേപോലെ നടപ്പിലാക്കിയ വൈസ് ചാന്‍സലര്‍ക്ക് അക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കത്തില്‍ പറഞ്ഞു. നേരത്തെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചട്ടവിരുദ്ധമായ ഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പ്രതിപക്ഷനേതാവ് രണ്ട് കത്തുകള്‍ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന്റെ പുതിയ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ മൂന്നാമതും ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.
അതേസമയം മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്ലീന്‍ചിറ്റ് നല്‍കി. കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ മന്ത്രിയോ മന്ത്രിയുടെ ഓഫീസോ നിര്‍ദ്ദേശിച്ചിട്ടില്ല.സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്
നേരത്തെ ജലീലിനെ ന്യായീകരിച്ച് സര്‍വകലാശാലകള്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്.വിവാദ അദാലത്തുകളില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നെങ്കിലും ഇടപെടലുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.