മൂന്നാര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെല്ലാം വോട്ട് ചെയ്യുമെന്ന സി.പി.എം നേതാവ് എം.വി.ഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ടിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യാജന്മാരെ വോട്ട് ചെയ്യിക്കുമെന്നാണ് ഇതിനര്‍ത്ഥമെന്നും ചെന്നിത്തല പറഞ്ഞു.
ജനവിധി അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. വ്യാജ വോട്ടര്‍മാരെ സംബന്ധിച്ച ഹൈക്കോടതി വിധി വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് ഓര്‍മ്മയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറികൊണ്ടിരിക്കുന്നു. ഭരണ മാറ്റത്തിന്റെ അന്തരീക്ഷമാണ് എങ്ങും. അഞ്ച് വര്‍ഷം നാട് ഭരിച്ച് മുടിച്ച ഇടത് സര്‍ക്കാരില്‍ നിന്നും നാടിനെ മോചിപ്പിക്കണം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം ശബരിമലക്കായി പ്രത്യേക നിയമ നിര്‍മ്മാണം നടത്തും. തോട്ടം തൊഴിലാളികളുടെ ഇടുങ്ങിയ ലായങ്ങള്‍ക്ക് പകരം പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. മൂന്നാറിലെ കടകള്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.