കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ഒരാഴ്ച 50 പേരില്‍ കൂടുതലുള്ള പൊതുയോഗം വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സാമാന്യ യുക്തിയുള്ള ആര്‍ക്കും ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ പോക്കെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് പാര്‍ട്ടി സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സിപിഎം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്.
കോടതി വിധി അനുസരിച്ചുള്ള തുടര്‍ നടപടികള്‍ വേണം. കാസര്‍കോടിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.