കെ-ഫോണ്‍ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി. ഡി. സതീശൻ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന കെ-ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവര്‍ക്കാണെന്നും പദ്ധതി നടപ്പാക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം. 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളില്‍ കണക്ഷന്‍ എത്തിയെങ്കില്‍ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷന്‍ ഉപയോഗിക്കുന്നത് 3,715 വീടുകളില്‍ മാത്രമാണ്. 17,412 ഓഫീസുകളുടെ കണക്ക് ഏഴ് മാസത്തിന് മുന്‍പ് പറഞ്ഞ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ കണക്കനുസരിച്ച് അത് 18063 ആയതേ ഉള്ളു. ആദ്യഘട്ട സൗജന്യ കണക്ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം എന്ന വാക്ക്, ഏഴ് മാസമായിട്ടും പാലിക്കാന്‍ കെ ഫോണിന് ഇതുവരെ കഴിഞ്ഞില്ല. മാത്രമല്ല 14000 വീടുകളുടെ കൃത്യമായ വിവരങ്ങള്‍ ഇത് വരെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമില്ല.

വാര്‍ഷിക പരിപാലന തുക മാറ്റിവച്ചാല്‍ 1168 കോടി രൂപയ്ക്കാണ് കെ ഫോണ്‍ പദ്ധതി നടത്തിപ്പ്. 70 ശതമാനം തുക കിഫ്ബി ഫണ്ടാണ്. പലിശ സഹിതം തിരിച്ചടക്കാന്‍ വര്‍ഷം 100 കോടി വീതം കണ്ടെത്തണം. ഓഫീസ് ചെലവിനത്തിലും കെ.എസ്.ഇ.ബി വാടകയിനത്തിലും പ്രതിമാസം 30 കോടി പ്രവര്‍ത്തനചെലവ് അടക്കം വന്‍ സാമ്പത്തിക ബാധ്യതയുമുണ്ട് കെ ഫോണിന്.കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍ മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

Top