കാസര്‍കോട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവന്‍ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മനുഷ്യനെ വന്യമൃഗങ്ങള്‍ക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകള്‍ക്ക് കോമ്പന്‍സേഷന്‍ പോലും കൊടുത്തിട്ടില്ല.
സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലെത് ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കര്‍ഷകര്‍ കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മനുഷ്യ മൃഗ സംഘര്‍ഷം രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. ബത്തേരിയില്‍ മാത്രം അഞ്ച് കടുവകളാണുളളതെന്ന് നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കളിയാക്കുന്ന രീതിയിലുളള മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കര്‍ഷകര്‍ തീരാദുരിതം നേരിടുന്നു. ഇരകള്‍ക്ക് നഷ്ടപരിഹാരം പോലും സര്‍ക്കാര്‍ കൊടുക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കണ്ണും കാതും മനസ്സും മൂടിവച്ചിരിക്കുന്നു. പലയിടത്തും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.