‘തൃശ്ശൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്’: വിഡി സതീശന്‍

കോഴിക്കോട്: ഗ്യാന്‍വ്യാപി വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബാബരി മസ്ജിദ് കൊണ്ട് അവസാനിക്കും എന്നാണ് കരുതിയത്. എന്നാലിത് വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ്. ഇപ്പോള്‍ അത് കേരളത്തിലും തുടങ്ങി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് പിന്നാലെ ഹിന്ദു ഐക്യവേദി ഉണ്ട്. കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഏതു സമയത്തു തീരുമാനിച്ചാലും അപ്പോള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയും. ലീഗ് ഉള്‍പ്പെടെ പല കക്ഷികളും പല ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതൊക്കെ പരിഗണിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാന്‍ മത്സര രംഗത്ത് നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. നവകേരള സദസ്സിന്റെ കാര്യത്തില്‍ വ്യാപകമായി പിരിച്ചു. ഇതിനു കണക്കില്ല. മുഖ്യമന്ത്രിയുടെ അടുത്ത പരിപാടിക്കും പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ വെച്ച് കള്ള പിരിവ് നടത്തുകയാണ്. ഉദ്യോഗസ്ഥരെ പിരിവിനായി കയറൂരി വിട്ടു ജനങ്ങളെ പീഡിപ്പിക്കുകയാണ്. മുല്ലപ്പള്ളിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കും. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി സംസാരിക്കാനും തയ്യാറാണ്. അദ്ദേഹം പാര്‍ട്ടിയുടെ പ്രധാനപെട്ട നേതാവാണെന്നും സതീശന്‍ പറഞ്ഞു.

യുഡിഎഫ് സീറ്റ് വിഭജനത്തില്‍ ലീഗുമായി ഉള്ള ചര്‍ച്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ലീഗ് നേതാക്കള്‍ ഡല്‍ഹിയിലാണ്. അവര്‍ തിരിച്ചെത്തിയാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നങ്ങളില്ല. ലീഗിന്റെ മൂന്നാം സീറ്റ് വിഷയം, സ്വാഭാവികമായുള്ള ആവശ്യമാണ്. സാഹചര്യം നോക്കി ഇക്കാര്യം തീരുമാനിക്കും. മുന്നണി ആകുമ്പോള്‍ ചര്‍ച്ചകള്‍ സ്വാഭാവികമാണ്. ഇല്ലാത്ത പ്രശ്‌നം നിങ്ങള്‍ കുത്തിപൊക്കി ഉണ്ടാക്കരുതെന്നും സതീശന്‍ പറഞ്ഞു.

Top