തിരുവനന്തപുരം: കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമര്‍ശനത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല എന്നല്ല കെപിസിസി അധ്യക്ഷന്‍ പറഞ്ഞതെന്നും ആ അര്‍ത്ഥത്തിലല്ല സുധാകരന്‍ പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു. ഷമ പറഞ്ഞത് സത്യമാണ്. വനിതകളെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോള്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞു. ഷമ പാവം കുട്ടി, താനുമായി സംസാരിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്ന് പറഞ്ഞു.ഇനി അത്തരം പ്രസ്താവനകള്‍ ഉണ്ടാവില്ലെന്നും ഷമ വ്യക്തമാക്കിയെന്നും സതീശന്‍ പറഞ്ഞു.
വടകര വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ഇന്നലെ അത് മനസിലായില്ലേ. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ താന്‍ ചുമതല ഏറ്റെടുത്ത് പോകും. നേരത്തെ തന്നെ തനിക്ക് പാര്‍ട്ടി ചുമതല നല്‍കി.പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കും. സിദ്ധാര്‍ത്ഥന്റെ മരണം കേരളത്തിലെ എല്ലാവരെയും വേദനിപ്പിച്ചു. ഇനി ഇങ്ങനെ ഒരു അക്രമം ഉണ്ടാകില്ല എന്ന് വിചാരിച്ചു. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണ്. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്സാണ്. അതുകൊണ്ടാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നത്.ഇനിയും തുടര്‍ന്നാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ക്രിമിനല്‍ സംഘമാണ് എസ്എഫ്‌ഐ എന്ന് ബിനോയ് വിശ്വമാണ് പറഞ്ഞത്.
കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തും എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറോ അതോ എന്‍ഡിഎ ചെയര്‍മാന്‍ ആണോയെന്നും വിഡി സതീശന്‍ ചോദിച്ചു. പര്‍ത്മജ വേണുഗോപാല്‍ നടത്തിയ ആരോപണങ്ങളെയും വിഡി സതീശന്‍ തള്ളി. പത്മജ വേണുഗോപാല്‍ ഉന്നയിച്ച പണമിടപാട് ആരോപണം വ്യാജ പരാതിയാണെന്നും അങ്ങനെയൊരു പരാതി ആര്‍ക്കും കിട്ടിയിട്ടില്ലെന്നും 3 വര്‍ഷം കഴിയുമ്പോള്‍ എങ്ങനെയാണ് ആരോണവുമായി വരുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.