തിരുവനന്തപുരം: തീരദേശ ഹൈവേ നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അങ്ങനെയൊരു ഹൈവേയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലാക്രമണം നേരിടുന്ന മുതലപ്പൊഴി നരഹത്യ നടക്കുന്ന ഇടമായി മാറിയെന്ന് പ്രദേശവാസിയായ അനിത പരാതിപ്പെട്ടപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. തീരദേശ ഹൈവേ വന്നാല്‍ ഒരു ഗ്രാമം പൂര്‍ണമായും അപ്രത്യക്ഷമാവുമെന്നും അവര്‍ പറഞ്ഞു.
12,000 കോടിയുടെ തീരദേശ പാക്കേജ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് സതീശന്‍ ആരോപിച്ചു. വെയിലത്തും മഴയത്തും കടലില്‍ പോയി പണിയെടുക്കുന്നവര്‍ പ്രക്ഷോഭം നടത്തുമ്പോള്‍ അവരെ മാവോയിസ്റ്റുകളെന്നു വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.