കണ്ണൂര്‍: കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ സംഘം പെരിങ്ങത്തൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയിലെ വീട്ടിലെത്തിയത്. മന്‍സൂറിന്റെ പിതാവ് ഉള്‍പ്പെടെ ബന്ധുക്കളെ ചെന്നിത്തല അടക്കമുള്ളവര്‍ ആശ്വസിപ്പിച്ചു.
22 വയസുള്ള ചെറുപ്പകാരനെ കൊന്നിട്ട് സി.പി.എമ്മിന് എന്ത് കിട്ടാനാണെന്ന് ചെന്നിത്തല പ്രതികരിച്ചു. അത്യന്തം ദാരുണമായ കൊലപാതകമാണ് നടന്നത്. മന്‍സൂറിന്റെ കുടുംബത്തിന്റെ വേദന കാണാന്‍ കഴിയുന്നില്ല. കൊലപാതകികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിലവിലെ അന്വേഷണം യഥാര്‍ത്ഥ പ്രതികളെ പിടികൂടുമെന്ന് കരുതുന്നില്ല. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. കേസിന്റെ അന്വേഷണം ആദ്യം തന്നെ ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ ദുരൂഹതയുണ്ട്. തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ രക്ഷിക്കാനും ആണ് ശ്രമിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ടു പോകുന്ന കാര്യം യു.ഡി.എഫ് ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അംഗീകരിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നീതിക്കായി ഏതറ്റം വരെയും പോകും. മറ്റ് പല കേസുകളില്‍ നിയമനടപടികളൂടെയാണ് നീതി ലഭിച്ചിട്ടുള്ളത്. കേസ് തേച്ചുമാച്ച് കളയാന്‍ മുസ്‌ലിം ലീഗും യു.ഡി.എഫും അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.