തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മന്ത്രിമാരുടെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവിട്ട പശ്ചാതലത്തില്‍ പ്രതിരോധിക്കാന്‍ യുഡിഎഫും തന്ത്രം മെനയുന്നു.
കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും, വിജിലന്‍സ് കോടതിക്കും പരാതി നല്‍കാനാണ് യുഡിഎഫ് നീക്കം.
വിഎസ് മുഖ്യമന്ത്രിയും, കോടിയേരി ആഭ്യന്തരമന്ത്രിയുമായിരുന്ന ഇടത് സര്‍ക്കാരില്‍ നിരവധി ബന്ധുനിയമനങ്ങള്‍ മന്ത്രിമാര്‍ നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.
ഇത് സംബന്ധമായ രേഖകള്‍ സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ്സ് അനുകൂല സംഘടനകള്‍ വഴി ശേഖരിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.ഗ്രൂപ്പ് ഭേദമന്യേ എ.ഐ വിഭാഗങ്ങള്‍ സംയുക്തമായാണ് ഇക്കാര്യത്തില്‍ നീങ്ങുന്നത്.
പൊതു താല്‍പര്യ ഹര്‍ജി വിജിലന്‍സ് കോടതിയില്‍ നല്‍കുന്നതായി ക്രെഡിബിലിറ്റിയുള്ള ഒരു ഹര്‍ജിക്കാരനെയും തേടുന്നുണ്ട്.
കേരള കോണ്‍ഗ്രസ്സ് ഇപ്പോള്‍ യുഡിഎഫ് മുന്നണിയിലില്ലങ്കിലും മാണി വിഭാഗവുമായി ബന്ധമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത കേരള കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരില്‍ നിയമ വകുപ്പ് കയ്യാളിയിരുന്ന മാണി വിഭാഗത്തിന്റെ കയ്യില്‍ ഇടത്പക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ചില രേഖകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
പത്ത് വര്‍ഷത്തെ നിയമനങ്ങള്‍ കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി രംഗത്ത് വന്നത് പ്രതിരോധം ലക്ഷ്യമിട്ടു തന്നെയാണ്.
വിഎസ് ഭരണകാലത്തെ നിയമനങ്ങള്‍കൂടി ഇപ്പോഴത്തെ അന്വേഷണ പരിധിയില്‍ വന്നാല്‍ ഇടത് സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നും ജേക്കബ് തോമസിന് യുഡിഎഫ് നേതാക്കളെ മാത്രം ‘ വേട്ടയാടന്‍ ‘ കഴിയില്ലന്നുമാണ് നേതൃത്വത്തിന്റെ നിഗമനം