തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ചേര്‍ന്ന ആദ്യ ദിനം തന്നെ കറുത്ത വസ്ത്രം ധരിച്ച് ബാനറുകളും പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷത്തിലെ യുവ എംഎല്‍എമാര്‍ സഭയിലെത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധിച്ചു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികള്‍ തടസ്സപ്പെട്ടു. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേള നിര്‍ത്തിവച്ചു. സഭ തുടരാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിക്കുന്നില്ലെന്നാണ് വിവരം. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയാല്‍ മാത്രം ചോദ്യോത്തര വേള തുടരാനാണ് തീരുമാനം.
അതിനിടെ, ഇന്ന് നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തി. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസിലേക്ക് പ്രവേശനം വിലക്കി. മീഡിയ റൂമില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രസ് ഗ്യാലറിയില്‍ മാധ്യമങ്ങളുടെ ക്യാമറ വിലക്കി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി. സഭാ ടിവി ഈ ദൃശ്യങ്ങള്‍ ഒഴിവാക്കിയാണ് സഭാ നടപടികള്‍ സംപ്രേഷണം ചെയ്തത്. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യം മാത്രമാണ് സംപ്രേഷണം ചെയ്തത്. എം.എല്‍.എമാര്‍ സഭയിലേക്ക് കയറുന്ന പ്രവേശന കവാടത്തില്‍ പോലും മാധ്യമങ്ങള്‍ക്ക് ചിത്രീകരണത്തിന് വിലക്കുണ്ട്.