രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിപക്ഷ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഉന്തുംതള്ളിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച, ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ഭേദഗതി ബില്‍ പാസാക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിക്കുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. യൂണിഫോമിലുള്ള മാര്‍ഷലുകള്‍ ഇവരെ തടയാന്‍ ശ്രമിക്കുന്നതും എംപിമാര്‍ ഇതിനെ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില എംപിമാര്‍ കടലാസുകള്‍ കീറിയെറിയുന്നതു ഒരാള്‍ മേശപ്പുറത്ത് കയറുന്നതും കാണാം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നേരത്തെ പിരിഞ്ഞതിനെതിരെയും എംപിമാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചും പ്രതിപക്ഷം രംഗത്തെത്തിയതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

വ്യാഴാഴ്ച, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ മാര്‍ച്ചിനുശേഷം പാര്‍ലമെന്റിനു പുറത്തു സംഘടിച്ചു. രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിന് പരാതി കൈമാറി. പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരെ കയ്യേറ്റം ചെയ്തതായി പരാതിയില്‍ ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ഏഴു കേന്ദ്രമന്ത്രിമാരും രംഗത്തെത്തി. നേരത്തെ നിശ്ചയിച്ചതിലും രണ്ടു ദിവസം മുന്‍പുതന്നെ സഭ പിരിയാന്‍ കാരണം പ്രതിപക്ഷത്തിന്റെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം കാരണമാണെന്നു കേന്ദ്രമന്ത്രിമാര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭയിലെ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടും. 18 പുരുഷന്മാരും 12 വനിതകളും ഉള്‍പ്പെടെ 30 മാര്‍ഷലുകളാണ് രാജ്യസഭയിലുണ്ടായിരുന്നത്. പുറമേനിന്നുള്ളവര്‍ കയ്യേറ്റം ചെയ്‌തെന്ന ആരോപണം ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.

 

Top