സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 87 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം 87 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. മൂന്നരമണിക്കൂര്‍ കവിഞ്ഞ പ്രസംഗമാണു മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയില്‍ അവതരിപ്പിച്ചത്.

തിങ്കളാഴ്ച രാത്രിയോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിന് മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സഭാനേതാവിനെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടരുതെന്നും പ്രതിപക്ഷത്തോട് സ്പീക്കര്‍ ആവശ്യപ്പെട്ടു.

വി.ഡി. സതീശന്‍ എംഎല്‍എയാണ് അവിശ്വാസ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. അന്തരിച്ച പ്രമുഖര്‍ക്കുള്ള അനുശോചന രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പരാമര്‍ശം.പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കര്‍ അറിയിച്ചു.

Top