ന്യൂഡല്‍ഹി: നോട്ട് നിരോധിച്ച നടപടി രാജ്യത്തിന് വന്‍ ദുരന്തമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍.
നോട്ട് നിരോധിച്ച നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നോട്ട് നിരോധം പ്രഖ്യാപിച്ച് ഒന്‍പത് മാസത്തിന് ശേഷം 99 ശതമാനം നോട്ടുകളും തിരിച്ചുവന്നുവെന്ന റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ആണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.
നമ്മുടെ സാമ്പത്തിക സുസ്ഥിരതയെ തകിടം മറിക്കുകയും നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവന്‍ ബലികൊടുക്കുകയും ചെയ്ത നോട്ട് നിരോധനത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി തന്നെ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
നോട്ട് നിരോധനം വലിയ അഴിമതിയാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായി മമത ബാനര്‍ജിയുടെ അഭിപ്രായം.
രാജ്യത്തിന്റെ മൂന്ന് ലക്ഷം കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുത്തുകയും നൂറുകണക്കിന് മനുഷ്യര്‍ മരിക്കുകയും ചെയ്ത സംഭവത്തെ പിന്നെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നും അവര്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.
ആര്‍.ബി.ഐ എന്ന സ്ഥാപനത്തിന്റെ പരിശുദ്ധിയില്‍ കളങ്കം വരുത്തിയതിന് മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കുള്ള വിശ്വാസ്യത നിലനിര്‍ത്താനും പ്രധാനമന്ത്രി മാപ്പ് പറയേണ്ടതാണെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.
നോട്ടു നിരോധനമെന്ന മോദിയുടെ ദേശീയ വിരുദ്ധ നടപടിയില്‍ ജനങ്ങള്‍ ഒരിക്കലും മാപ്പ് കൊടുക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. നടപടി ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെയും പാര്‍ലമെന്ററി പാനലിനെയും തെറ്റിദ്ധരിപ്പിച്ച ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയതായി സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.