opposition parties boycott assembly

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മറൈന്‍ഡ്രൈവില്‍ നടന്ന സംഭവത്തില്‍ പ്രതിപക്ഷം ശിവസേനക്കാരെ വാടകയ്‌ക്കെടുത്തെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

പ്രതിപക്ഷത്തിന്റെ പ്രകടനം കണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യുന്നത് പരിഗണിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരേ നടുത്തളത്തിലേക്ക് ഇറങ്ങിയത് കൈയ്യാങ്കളിയിലേക്കു നീങ്ങി. ഇരുപക്ഷത്തേയും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിച്ചു.

ഗുരുവായൂരിലേക്ക് കൊണ്ടു പോയ 15,000 ലിറ്റര്‍ വെള്ളം സദാചാര ഗുണ്ടകള്‍ ഒഴുക്കിക്കളഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സഭയില്‍ ബഹളം തുടങ്ങിയത്.

സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പങ്കുണ്ടെന്ന് ഭരണകക്ഷി അംഗങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. കൊച്ചിയില്‍ സദാചാര ഗുണ്ടായിസം കാട്ടിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്നും സഭയില്‍ നടക്കുന്നത് പ്രതിപക്ഷത്തിന്റെ നാടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സദാചാര ഗുണ്ടായിസം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഹൈബി ഈഡന്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പോലീസിനു വീഴ്ച സംഭവിച്ചെന്നും സദാചാര ഗുണ്ടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Top