ഇന്ത്യ വിരുദ്ധ നീക്കം: മാലദ്വീപ് പ്രസിഡന്റിനെതിരെ പ്രതിപക്ഷം

ഇന്ത്യ വിരുദ്ധ നീക്കങ്ങളുമായി ചൈനയോട് അടുക്കാൻ ശ്രമിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ രാജ്യത്ത് പ്രതിഷേധം. ദീർഘകാല സുഹൃത്തായ ഇന്ത്യയെ അകറ്റുന്നത് മാലദ്വീപിന്റെ വികസനത്തിന് ഹാനികരമാകുമെന്ന് രണ്ട് പ്രതിപക്ഷ പാർട്ടികൾ മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ സുരക്ഷക്ക് ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും അത്യന്താപേക്ഷിതമാണെന്ന് മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ചെയർപേഴ്സൻ ഫയാസ് ഇസ്മായിൽ, പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് സലീം, ഡെമോക്രാറ്റ് നേതാവ് ഹസൻ ലത്തീഫ് എം.പി, പാർലമെന്ററി ഗ്രൂപ്പ് ലീഡർ അലി അസിം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ചൈനീസ് കപ്പൽ മാലെ തുറമുഖത്തെത്തുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചശേഷം മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തികരമായ പരാമർശങ്ങളെ ചൊല്ലിയുള്ള നയതന്ത്ര തർക്കത്തിനു ശേഷം ദ്വീപ് രാഷ്ട്രം ചൈനയോട് കൂടുതൽ അടുത്തു. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരോട് മാർച്ച് 15നകം രാജ്യം വിടാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യ വിരുദ്ധനാണ് മുയിസു.

Top