പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നീതി രക്ഷ മാര്‍ച്ച് ഇന്ന്. വാളയാര്‍ അട്ടപ്പളളത്ത് നിന്ന് 3 മണിക്കാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മാര്‍ച്ച് നയിക്കും. വാളയാര്‍ ,പുതുശ്ശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നില്‍ സമാപിക്കും. ആദ്യദിനത്തിലെ സമാപന യോഗത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്.
അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോൺഗ്രസിന്റെയും നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഇന്നലെ പാലക്കാട് ഹർത്താൽ ആചരിച്ചിരുന്നു.