പട്‌ന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് 2024-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിനു മുന്നോടിയായി ബിഹാറിലെ പട്‌നയില്‍ പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുന്നത്.
കോണ്‍ഗ്രസിന്റേത് ‘ഭാരത് ജോഡോ’ എന്ന ആശയമാണെന്നും എന്നാല്‍ ബി.ജെ.പിയുടേത് ‘ഭാരത് തോടോ’ എന്ന ചിന്തയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയെ വിഭജിച്ച് അക്രമങ്ങളും വിദ്വേഷവും പരത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച രാഹുല്‍, രാജ്യത്ത് നടക്കുന്നത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇവിടെ ഒത്തുചേര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചുനിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പോകുകയാണ്. കര്‍ണാടകയില്‍ എല്ലായിടത്തും ബിജെപി നേതാക്കളുടെ പ്രസംഗം നടത്തി. എന്നാല്‍ ഫലം വരുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. കോണ്‍ഗ്രസ് ഒന്നിച്ചുനിന്നു. കര്‍ണാടകയില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കി, രാഹുല്‍ പറഞ്ഞു.