തിരുവനന്തപുരം: സംസ്ഥാനത്ത് അരിയുടെയും മറ്റു അവശ്യസാധനങ്ങളുടെയും വില കുത്തനെ കൂടിയിട്ടും നടപടിയെടുക്കാത്ത ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സഭ നിര്‍ത്തിവച്ച് വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് വിലക്കയറ്റം മൂലം സാധാരണക്കാര്‍ പൊറുതിമുട്ടിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി നേടിയ എം.ഉമ്മര്‍ ആരോപിച്ചു.
കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിനുള്ള അരി നേടിയെടുക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വരള്‍ച്ചയെ നേരിടാന്‍ മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ പോലും ഇവിടെ സ്വീകരിച്ചില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കേന്ദ്രത്തില്‍ നിന്നുള്ള അരിവിഹിതം കുറഞ്ഞതും ആന്ധ്രപ്രദേശ് ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ചമൂലം ഉത്പാദനം കുറഞ്ഞതുമാണ് അരിവില ഉയരാന്‍ കാരണമെന്ന് ഭക്ഷ്യമന്ത്രി മറുപടി നല്‍കി. വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 21 ശതമാനം വരെ അരിക്ക് വില കൂടിയിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.
തുടര്‍ന്ന് കേന്ദ്രം വെട്ടിക്കുറച്ച അരിവിഹിതം പുനസ്ഥാപിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടികളുടെയും സഹായം തേടി.
മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും വിശദീകരണത്തിന് പിന്നാലെ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.