ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും. അവിശ്വാസ പ്രമേയ ചര്‍ച്ച 8 മുതല്‍ ആരംഭിയ്ക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റ് സമ്മേളിയ്ക്കുന്നതിന് മുന്‍പായാകും യോഗം ചേരുക. മണിപ്പൂര്‍ വിഷയത്തില്‍ ഇന്നലെ ഇന്ത്യാ കൂട്ടായ്മ രാഷ്ട്രപതിയെ കണ്ടിരുന്നു. ഇക്കാര്യവും യോഗം വിലയിരുത്തും.
അവിശ്വാസ പ്രമേയ ചര്‍ച്ച 8 വരെ വൈകിച്ച് സഭയിലെ നിയമനിര്‍മ്മാണ അജണ്ടകള്‍ പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം യോഗം പരിഗണിയ്ക്കും. അവിശ്വാസപ്രേമയ നോട്ടീസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാര്‍ നടപടി അപ്രസക്തമാണെന്നാണ് പ്രതിപക്ഷവാദം. മറുവശത്ത് നിലവിലുള്ള രാഷ്ട്രിയ സാഹചര്യങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഭരണ പക്ഷവും വിലയിരുത്തും. മറുവശത്ത് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലാകും കൂടിക്കാഴ്ച നടത്തുക. അവിശ്വാസ പ്രമേയ നോട്ടീസ് നിലനില്‌ക്കെ ബില്ലുകള്‍ പാസാക്കുന്ന നടപടിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഭരണപക്ഷം അംഗീകരിയ്ക്കില്ല.