മാലി : മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമേയം അവതരിപ്പിക്കുന്നതിനായി എംഡിപി ഒപ്പുശേഖരണം നടത്തിയതായി മാലദ്വീപ് മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്‌തു.
മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങളുടെ അംഗീകാരത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഭരണപക്ഷ എംപിമാരും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഞായറാഴ്‌ച പാർലമെൻ്റിൽ സംഘർഷമുണ്ടായിരുന്നു. പ്രമേയത്തിന് എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 34 അംഗങ്ങൾ പിന്തുണ നൽകിയതായാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലദ്വീപിലെ രീതി. കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മുഹമ്മദ് മൊയ്‌സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല. മൊയിസു മന്ത്രിമാരാക്കിയ നാലുപേരെ അംഗീകരിക്കില്ലെന്ന് പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് സ്വീകരിച്ചതാണ് ഞായറാഴ്‌ച നടന്ന സംഘർഷങ്ങൾക്ക് പിന്നിലെ കാരണം.