നിതീഷ് കുമാറിനെ ബിജെപി പാളയത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മീരാകുമാറിനെ നിശ്ചയിച്ചതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബിജെപി പാളയത്തില്‍ നിന്നും പുറത്തെത്തിക്കാന്‍ പ്രതിപക്ഷത്തിന്റെ ശ്രമം.

ബിഹാറിന്റെ പുത്രിക്ക് പിന്തുണ നല്‍കണമെന്ന് നിതീഷ് കുമാറിനോട് ആവശ്യപ്പെടുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിഹാര്‍ മന്ത്രിസഭയില്‍ നിതീഷിന്റെ സഖ്യകക്ഷിയാണ് ലാലുവിന്റെ പാര്‍ട്ടി.

നിതീഷ് കുമാറിനെ ഉടനെ തങ്ങള്‍ കാണും. മീരയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹത്തോട് വീണ്ടും വീണ്ടും ആവശ്യപ്പെടുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.

പാറ്റ്‌നയില്‍ ബുധനാഴ്ച ചേര്‍ന്ന ജെഡിയു കോര്‍ കമ്മിറ്റി യോഗത്തിനു പിന്നാലെയാണു കോവിന്ദിനെ പിന്തുണയ്ക്കുമെന്നു നിതീഷ് വ്യക്തമാക്കിയത്.

പാറ്റ്‌നയിലെ ഒന്ന് ആനിമാര്‍ഗിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിനുശേഷം ജെഡിയു എംഎല്‍എ രത്‌നേഷ് സദയാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. രാംനാഥ് കോവിന്ദ് വളരെ നല്ല മനുഷ്യനാണെന്നായിരുന്നു ജെഡിയു എംഎല്‍എയുടെ പ്രതികരണം.

പാര്‍ട്ടി എംഎല്‍എമാരില്‍ നിന്നു വ്യക്തിപരമായി അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചത്. പാര്‍ട്ടി എംഎല്‍എമാര്‍ക്കു പുറമേ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Top