ഇന്ത്യ-ചൈന സംഘര്‍ഷം: പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി

ഡൽഹി : ഇന്ത്യ-ചൈന സംഘർഷത്തിൽ പാർലമെൻറിൽ ച‍ർച്ച ആവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷ പ്രതിഷേധം. പാർലമെൻറിൻറെ ഇരുസഭകളിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഘർഷ സാഹചര്യത്തിൽ ചൈന അതിർത്തിയിലെ വ്യോമനിരീക്ഷണം ശക്തമാക്കി. ഇന്ത്യ – ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് സഭയിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയ‍ർന്നു. അടിയന്തരപ്രമേയം നൽകി പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടപ്പോൾ പ്രതിരോധമന്ത്രി ഇന്നലെ പ്രസ്താവന നടത്തി സാഹചര്യം വിശദീകരിച്ചത് ലോകസഭയിലും രാജ്യസഭയിലും അദ്ധ്യക്ഷൻമാർ ചൂണ്ടിക്കാട്ടി.

ചർച്ച നടത്താതെ സഭ നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പടെയുള്ള 17 പാർട്ടികളാണ് പ്രതിഷേധം ഉയർത്തി സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. പാർലമെൻറ് ചേരുന്നതിന് മുൻപ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. അതേസമയം സംഘ‌ർഷ സാഹചര്യത്തിൽ അതിർത്തിയിലെ സുരക്ഷ സൈന്യം ശക്തമാക്കിയിട്ടുണ്ട്. ചൈന മേഖലയിലേക്ക് കൂടുതൽ ഹെലികോപ്ടറുകൾ എത്തിച്ചതായാണ് വിവരം. അരുണാചൽ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സമാധാനശ്രമങ്ങളുടെ ഭാഗമായി കമാൻ‍‍ഡർ തല ചർച്ചക്കുള്ള നിർദേശം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്.

Top