അച്ചടക്കലംഘനമുണ്ടായാല്‍ കടുത്ത നടപടി; എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്പീക്കര്‍

ന്യൂഡല്‍ഹി: അച്ചടക്കലംഘനമുണ്ടായാല്‍ എംപിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. മുദ്രാവാക്യം മുഴക്കി മറുപക്ഷത്തേക്ക് പോകുന്നവരെ സമ്മേളന കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്യുമെന്നാണ് സ്പീക്കറുടെ റൂളിങ്.പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലേക്ക് വരാന്‍ പാടില്ലെന്നും ഓം ബിര്‍ള വ്യക്തമാക്കി. രൂക്ഷമായ ഭാഷയിലാണ് സ്പീക്കര്‍ ബഹളമുണ്ടാക്കുന്നവര്‍ക്കെതിരെ തിരിഞ്ഞത്.

കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ റൂളിങ്. എന്നാല്‍ സ്പീക്കറുടെ റൂളിങ്ങിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും 12 മണി വരെയും 2 മണി വരെയും നിര്‍ത്തി വച്ചു.

ഇന്നലെ ഡല്‍ഹി കലാപത്തെച്ചൊല്ലി ചര്‍ച്ച വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായത് കയ്യാങ്കളിയാണ്. കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് സഭ സമ്മേളിച്ചപ്പോള്‍ ഭരണപക്ഷ ഭാഗത്ത് വരികയും ഇരു പക്ഷങ്ങളും തമ്മില്‍ വാക് പോരുണ്ടാകുകയും ചെയ്തിരുന്നു.

അതേസമയം മൂന്ന് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന പ്രമേയം ബിജെപി അംഗങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന. ഹൈബി ഈഡനും ഗൗരവ് ഗോഗോയിയും അടക്കമുള്ള 15 എംപിമാര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

Top