ന്യൂഡല്‍ഹി : വലിയ വാതിലുകള്‍ ഇളകാന്‍ ചെറിയ കുറ്റികള്‍ മതിയെന്ന് ഇംഗ്ലീഷില്‍ ഒരു പ്രയോഗമുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പതനത്തിന് തുടക്കം കുറിച്ചതും അത്തരമൊരു സംഭവമായിരുന്നു. വിദേശകാര്യസെക്രട്ടറിയായിരുന്ന എ പി വെങ്കടേശ്വരനെ അപ്രതീക്ഷിതമായി നീക്കിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 1984ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രിയുടെ വീഴ്ചക്ക് ഈ ചെറിയ സംഭവം തുടക്കമിട്ടു എന്നാണ് പറഞ്ഞുവന്നത്.
ഗോരഖ്പൂരിലെയും ഫുല്‍പൂരിലെയും ചെറിയ ഉപതിരഞ്ഞെടുപ്പുകളായിരുന്നുവെങ്കിലും ജനവികാരത്തെ സ്വാധീനിക്കാന്‍ തക്ക ശേഷിയുള്ളവയായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ബിജെപി ദയനീയമായി തോറ്റത്. അതും 2017ലെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം.
ബിജെപിയുടെ പരാജയത്തിന് പിന്നില്‍ മായാവതിക്കും അഖിലേഷ് യാദവിനും മാത്രമല്ല, എസ്പി-ബിഎസ്പി കൂട്ടുകെട്ടിനും പങ്കുണ്ട്. 25 വര്‍ഷത്തിന് ശേഷമാണ് എസ്പിയും ബിഎസ്പിയും ഒന്നിച്ചുമത്സരിച്ചത്. ഗോരഖ്പൂരും ഫുല്‍പൂരും പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. നോട്ടുനിരോധനം, ആസൂത്രണമില്ലാതെയുള്ള ജിഎസ്ടിയുടെ നടപ്പാക്കല്‍, കര്‍ഷകരുടെ ദുരിതം, ദളിത്പിന്നാക്കവിഭാഗങ്ങളുടെ അതൃപ്തി എന്നിവ മോദി തരംഗത്തിന്റെ പ്രഭാവം കുറച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സലായി വിലയിരുത്തപ്പെട്ട ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റത് കനത്ത പ്രഹരം തന്നെയാണ്.
ഇതിന് പിന്നാലെ ബിജെപിക്കെതിരായ വിശാലസഖ്യത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് മമതാ ബാനര്‍ജി ഡല്‍ഹിക്ക് തിരിച്ചതും വലിയ വാര്‍ത്തയായി. സോണിയ ഗാന്ധി, എന്‍ഡിഎയില്‍ നിന്നും പുറത്തെത്തിയ ചന്ദ്രബാബു നായിഡു എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുമായി മമത ചര്‍ച്ച നടത്തുകയും ചെയ്തു. എന്‍ഡിഎയില്‍ ഉള്‍പ്പെടാത്ത 15ഓളം വരുന്ന പാര്‍ട്ടി നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിന് വലിയ മാനങ്ങളുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 182ഓളം വരുന്ന സീറ്റുകളെ സ്വാധീനിക്കാന്‍ വിശാലമുന്നണിക്ക് കഴിഞ്ഞേക്കും. അങ്ങനെയെങ്കില്‍ ബിജെപിക്ക് 70 സീറ്റ് വരെ നഷ്ടപ്പെട്ടേക്കും.
മായാവതി-അഖിലേഷ് യാദവ് സഖ്യം നിലനില്‍ക്കുമെന്ന് ഉപതിരഞ്ഞെടുപ്പിന് ശേഷം അവര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയും ഇവര്‍ക്കൊപ്പം ചേരാനുള്ള സാധ്യതയെയും തള്ളിക്കളയാനാകില്ല. നിലവില്‍ ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ്സ് സഖ്യം നിലവിലുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനോടുള്ള സഹതാപതരംഗം ഓരോ ദിവസവും ശക്തിയാര്‍ജിക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് സാധ്യത തെളിയുന്നുണ്ട്. ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേന കൂടി പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയില്‍ ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണ്.
ഈ മൂന്ന് സംസ്ഥാനങ്ങളും ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢുമെല്ലാം കോണ്‍ഗ്രസിന്റെ കയ്യെത്തും ദൂരത്തുണ്ടെങ്കിലും അവര്‍ക്കതിന് സാധിക്കുമോ എന്നത് ഒരു ചോദ്യമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിരാളിയായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായി ബിജെപിക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി അണികള്‍ക്കുണ്ട്. പക്ഷേ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പാര്‍ട്ടിക്ക് എത്രമാത്രം കഴിയുന്നുണ്ട് എന്നാണ് ചോദ്യം.
കര്‍ഷകരും ദളിതരും ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളില്‍ സംഘടിക്കാനുള്ള ശേഷി പാര്‍ട്ടി വീണ്ടെടുക്കണമെന്ന അഭിപ്രായം അണികള്‍ക്കിടയിലുണ്ട്. ഇക്കാര്യത്തില്‍ ഗോളടിച്ചത് സിപിഎമ്മാണ്. അവരുടെ കര്‍ഷക സംഘടനയായ കിസാന്‍ സഭയെ മുന്‍നിര്‍ത്തി ചെങ്കൊടിക്ക് കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ ചെമ്പടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിതന്നെ കമ്മ്യൂണിസ്റ്റുകളെ കണ്ടുപഠിക്കണമെന്ന് സ്വന്തം അണികളെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യവുമുണ്ടായി. മുംബൈയില്‍ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച് വന്‍ വിജയമായതിനെതുടര്‍ന്നായിരുന്നു ഇത്.
കോണ്‍ഗ്രസ്സ്- ബി.ജെ.പി ഇതര ഒരു മൂന്നാം ബദല്‍ ഉയര്‍ന്നു വരണമെന്ന നിലപാടുകാരാണ് സിപിഎം നേതാക്കള്‍. ലോക് സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സൂറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ മൂന്നാം ബദല്‍ സാധ്യമാകുമെന്നും കോണ്‍ഗ്രസ്സിന് ഈ ബദലിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്നുമാണ് സിപിഎം കണക്ക്കൂട്ടല്‍.
സമാന ചിന്താഗതിക്കാരുമായി സഖ്യമായി മത്സരിച്ച് പരമാവധി സീറ്റുകള്‍ വാങ്ങണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. കേരളത്തില്‍ നിന്ന് പതിനഞ്ചും ബംഗാളില്‍ നിന്ന് പത്തും സീറ്റുകളിലെങ്കിലും വിജയിക്കണമെന്നും മറ്റിടങ്ങളില്‍നിന്നെല്ലാംകൂടി ചുരുങ്ങിയത് പത്ത് സീറ്റെങ്കിലും നേടണമെന്നുമാണ് സി.പിഎമ്മിന്റെ കണക്ക്കൂട്ടല്‍. 35-40 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ സി.പി.എമ്മിന് കഴിഞ്ഞേക്കും.
നരേന്ദ്രമോദിയെയും അമിത് ഷായെയും മാത്രമല്ല മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ പോലും രാഹുലും സംഘവും ഗൗരവത്തോടെ സമീപിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മോദിയെയും അമിത് ഷായെയും വാക്കുകളിലൂടെ പരിഹസിച്ചതുകൊണ്ട് മാത്രമായില്ല, തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുക കൂടി ചെയ്താലേ പാര്‍ട്ടിക്ക് നിലനില്‍പ്പുള്ളൂ. അതുകൊണ്ട് തന്നെയാണ് വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്.
പറഞ്ഞുവരുന്നത് 2019ലെ പ്രതിപക്ഷ ഐക്യം കടലാസിലെ കണക്കുകളേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് പാര്‍ട്ടികള്‍ തമ്മിലെ രസതന്ത്രത്തിനാണ്. ഈ ഐക്യമുന്നണിയെ ആര് നയിക്കുമെന്നതും ഒരു ചോദ്യമാണ്. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ സമീപിച്ച കോണ്‍ഗ്രസിന്റെ നടപടി ശ്രദ്ധേയമാണ്. സ്വേച്ഛാധിപതിയെന്ന് വിശേഷണമുള്ള ശരദ് പവാറിനെ രാഹുല്‍ ഗാന്ധി സമീപിച്ചതും ഇതിന്റെ ഭാഗമായാണ്.
ഈ മുന്നണിയുടെ നേതാവായി രാഹുല്‍ ഗാന്ധി സ്വീകരിക്കപ്പെടാനുള്ള സാധ്യത വിരളമാണ്. അതിനാല്‍ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന വിശാലഐക്യമുന്നണിയുടെ നേതാവായി കോണ്‍ഗ്രസ്സ് ഇതര നേതാവിനെ പരിഗണിക്കുമോ എന്നും കണ്ടറിയണം.
ഈ മുന്നണി ഉയര്‍ത്താനിരിക്കുന്ന വെല്ലുവിളികളെ മുന്നില്‍ക്കണ്ട് ബിജെപികോട്ടയില്‍ അണിയറനീക്കങ്ങള്‍ സജീവമാണ്. ഏതായാലും ഇതുവരെയില്ലാതിരുന്ന സാധ്യതകളാണ് പ്രതിപക്ഷത്തിന് മുന്നില്‍ തുറന്നുകിട്ടിയിരിക്കുന്നത്. 2019ല്‍ അത് എത്തരത്തില്‍ പ്രതിപക്ഷം ഉപയോഗിക്കും എന്നാണ് അറിയേണ്ടത്.
റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍