Opposition walk out from Kerala assembly

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാപനം നടത്താന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു.

ഗവര്‍ണറോട് നയപ്രഖ്യാപനം നടത്തരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധത്തിനിടയില്‍ നയപ്രഖ്യാപനം തുടരാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. നിയമസഭയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനു വേണ്ടി നയപ്രഖ്യാപനം നടത്തുന്നതില്‍ നിന്നു ഗവര്‍ണര്‍ പിന്മാറണമെന്ന് ധര്‍ണയ്ക്കു നേതൃത്വം നല്കി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധക്കാരോട് ശാന്തമായിരിക്കാനും തന്റെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ ഒന്നുകില്‍ നിശബ്ദമായി ഇരിക്കുക, അല്ലെങ്കില്‍ സഭയ്ക്കു പുറത്തുപോകുക എന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയായിരുന്നു.

പ്രതിഷേധമുണ്ടായാലും പ്രസംഗം മുഴുവന്‍ വായിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഭരണഘടനാ പരമായ ബാധ്യത നിറവേറ്റാതിതിരിക്കാന്‍ കഴിയില്ലെന്നു ഗവര്‍ണര്‍ മറുപടി നല്‍കുകയും ചെയ്തു. വരുന്ന 12നാണു ബജറ്റ് അവതരണം. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകും ബജറ്റ് അവതരിപ്പിക്കുക.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണം വിവിധ ഘട്ടത്തിലാണ്. കണ്ണൂര്‍ വിമാനത്താവളം 50 ശതമാനം പൂര്‍ത്തിയായി. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് രാജ്യ നിലവാരത്തേക്കാള്‍ മുന്നിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം, ഐ.ടി മേഖലയില്‍ നിന്നുള്ള വരുമാനം 2015ല്‍ 18,000 കോടിയായി വര്‍ധിക്കും, കൊച്ചി മെട്രോയുടെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാക്കും, പട്ടികവിഭാഗക്കാര്‍ക്കു വേണ്ടിയുള്ള ആദ്യ മെഡിക്കല്‍ കോളജ് പാലക്കാട് സ്ഥാപിച്ചു, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായം നല്‍കും, സ്മാര്‍ട് സിറ്റി ആദ്യഘട്ടം ഈ മാസം ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ രോഗികള്‍ക്ക് സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സ നല്‍കും, റബറിനു കിലോയ്ക്ക് 150 രൂപ താങ്ങുവിലയാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

Top