സ്പീക്കറോട് ‘കളിച്ച’ പ്രതിപക്ഷം ‘പണി’ ചോദിച്ച് വാങ്ങുന്നു, ‘ആ’ മൊഴി ‘പാര’

സ്പീക്കർ ശ്രീരാമകൃഷ്ണനെ ‘ചെറിഞ്ഞ’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ച് വാങ്ങുന്നത് വൻ തിരിച്ചടി. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേറ്റിന് നൽകിയതായി പറയപ്പെടുന്ന മൊഴി മുൻ നിർത്തിയാണ് സ്പീക്കറുടെ രാജി ചെന്നിത്തലയും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നത്. കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടിന് തുടങ്ങാനിരിക്കെ സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് തള്ളാതെ സഭ ചർച്ച ചെയ്യണമെന്ന നിലപാട് തന്നെയാണ്  സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്വീകരിച്ചിരിക്കുന്നത്.

ഉമ്മറിന്റെ നോട്ടിസ് ചർച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കുമെന്നാണ് സ്പീക്കർ വ്യക്തമാക്കിയിരിക്കുന്നത്.
ആരുടെയെങ്കിലും കയ്യിൽനിന്ന് പൈസ വാങ്ങുകയോ, അതിൽനിന്ന് നിക്ഷേപമുണ്ടാക്കുകയോ ചെയ്തു എന്നു  തെളിഞ്ഞാൽ, പൊതു പ്രവർത്തനം തന്നെ അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, മാധ്യമ വാർത്ത മുൻനിർത്തിയാണ് താൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതെന്നാണ് മുസ്ലീംലീഗ് എം.എൽ.എ ഉമ്മറിന്റെ വാദം.ഉമ്മറിന് പിന്നിൽ പ്രവർത്തിച്ചത് രമേശ് ചെന്നിത്തല തന്നെയാണെന്നാണ് ഇടതുപക്ഷവും സംശയിക്കുന്നത്. ബാർ കോഴ കേസിൽ ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതിന്റെ പ്രതികാരമായാണ് നോട്ടീസിനെ ഭരണപക്ഷം നോക്കി കാണുന്നത്.

പ്രതിപക്ഷ നോട്ടീസ് സഭ ചർച്ച ചെയ്യുന്നതോടെ ‘പൊള്ളാൻ’ പോകുന്നതും ഇനി പ്രതിപക്ഷം തന്നെയായിരിക്കും. മുൻപ് സർക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് തിരിച്ചടി ചോദിച്ച് വാങ്ങിയ പോലെ വീണ്ടുമൊരു പ്രഹരമാണ് യു.ഡി.എഫിനെ കാത്തിരിക്കുന്നത്. ഡോളർ കടത്തിൽ സ്പീക്കർക്ക് ബന്ധമുണ്ടെന്ന ആരോപണം എന്തടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് എന്നതിന് വ്യക്തമായ മറുപടി തന്നെ പ്രതിപക്ഷത്തിന് സഭയിൽ നൽകേണ്ടി വരും. രഹസ്യമൊഴി ഉണ്ടെങ്കിൽ അത് പരസ്യമാക്കിയത് ആര് ? എന്തിനു വേണ്ടി ? എന്നതിനും പ്രതിപക്ഷമാണ് മറുപടി പറയേണ്ടി വരിക.മോദി സർക്കാറിന്റെ കീഴിലുള്ള അന്വേഷണ ഏജൻസിയുടെ വക്കാലത്ത് ഏറ്റെടുത്തതിന് മുസ്ലീം ലീഗിനെയും ഭരണപക്ഷം വലിച്ച് കീറും. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസിയിൽ ഭരണകൂട ഭീകരത ആരോപിക്കുന്ന കോൺഗ്രസ്സ് കേരളത്തിൽ കേന്ദ്ര ഏജൻസിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നതിനെയും ഇടതുപക്ഷ അംഗങ്ങൾ ചോദ്യം ചെയ്യും.

എല്ലാറ്റിനും പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കുന്ന ഒന്നാംതരം ഒരായുധവും ഭരണപക്ഷത്തിന്റെ കയ്യിൽ ഇപ്പോഴുണ്ട്. അത് ചെന്നിത്തലക്കെതിരായി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പാണ്. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന പൊലീസ് നിയമന തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴിയാണ് ചെന്നിത്തലക്ക് കുരുക്കാവാൻ പോകുന്നത്. ശരണ്യ എന്ന യുവതിയാണ് ചെന്നത്തലയ്ക്കും അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫിനുമെതിരെ മൊഴി നൽകിയിരുന്നത്. 2015 ലാണ് പൊലീസ് നിയമനം തരപ്പെടുത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ഈ ഹരിപ്പാട് സ്വദേശിനി വിവിധ സ്ഥലങ്ങളില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവ് നടത്തിയിരുന്നത്. 50,000 മുതല്‍ രണ്ട് ലക്ഷം വരെയായിരുന്നു അഡ്വാന്‍സ് തുകയായി കൈപറ്റിയിരുന്നത്.

മൊത്തത്തില്‍ കോടികളാണ് തട്ടിയെടുത്തിരുന്നത്. മന്ത്രിയുടെ ഓഫീസിലെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തുടക്കത്തില്‍ കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. അറസ്റ്റിലായിരുന്ന ശരണ്യ പൊലീസിനും, തുടര്‍ന്ന് ഹരിപ്പാട് കോടതിയിലും നല്‍കിയ മൊഴികളില്‍ ചെന്നിത്തലയുടെ ഓഫീസിനെ കൃത്യമായി പരാമര്‍ശിച്ചിരുന്നു.ഇതോടെ ഭരണതലത്തില്‍ ഇടപെടല്‍ നടത്തി അന്വേഷണം ചെന്നിത്തലയുടെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന് കൈമാറുകയാണുണ്ടായത്. ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍, ശരണ്യയിൽ സമ്മര്‍ദ്ദം ചെലുത്തി,പിന്നീട് ചെന്നിത്തലയുടെ ഓഫീസിനെതിരായ പരാമര്‍ശം പിന്‍വലിപ്പിക്കുകയാണുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം അനസലി ഡി.ജി.പിക്ക് പരാതിയും നൽകിയിട്ടുണ്ട്.

ആരും ആവശ്യപ്പെടാതെ തന്നെ കേസന്വേഷണം അന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയത് തന്നെ കേസ് അട്ടിമറിക്കാനായിരുന്നു എന്നാണ് തട്ടിപ്പിന് ഇരയായവരും ചൂണ്ടിക്കാട്ടുന്നത്. ചെന്നിത്തലയുടെ ഓഫീസിനെ പൂര്‍ണ്ണമായും ഒഴിവാക്കിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്.ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം സ്വീകാര്യമല്ലെന്നും തട്ടിപ്പ് കേസില്‍ മുന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകള്‍ വീണ്ടും പുനരന്വേഷിക്കണമെന്നതും ആണ് ഡി.വൈ.എഫ്.ഐ നിലപാട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഭരണപക്ഷം കടന്നാക്രമിച്ചാൽ ചെന്നിത്തലമാത്രമല്ല പ്രതിപക്ഷമാകെയാണ് പ്രതിരോധത്തിലായി പോകുക. സ്വപ്ന സുരേഷ് ശ്രീരാമകൃഷ്ണന് എതിരെ നൽകിയ മൊഴിക്ക് പിന്നാലെ പോകുന്ന പ്രതിപക്ഷം ശരണ്യ മജിസ്ട്രേറ്റിന് നൽകിയ മൊഴി പരിശോധിക്കണമെന്നതാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.

സ്പീക്കർ ശ്രീരാമകൃഷ്ണനുൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന സുരേഷ് മൊഴി കൊടുത്തത്, കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലുള്ളപ്പോഴാണ്. അവരുടെ അജണ്ട പ്രകാരമാണ് മൊഴികളും നൽകപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തൊക്കെ സമ്മർദ്ദമുണ്ടായെന്ന് ഇനി പറയേണ്ടത് സ്വപ്ന സുരേഷാണ്. അവർ പുറത്ത് വന്നാൽ മാത്രമേ, ഇക്കാര്യത്തിൽ വ്യക്തത കൈവരികയൊള്ളു. മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ സമ്മർദ്ദമുണ്ടായതായി പറയുന്ന ശബ്ദരേഖ, തന്റെതല്ലന്ന് ഇതുവരെ സ്വപ്ന ഉറപ്പിച്ച് പറഞ്ഞിട്ടില്ല. ആരോട് സ്വപ്ന സംസാരിച്ചു എന്നതിലല്ല, പറഞ്ഞതിൽ കാര്യമുണ്ടോ എന്നതാണ് പ്രസക്തമാകുക. പുറത്ത് വന്ന വിവരങ്ങൾ കേന്ദ്ര ഏജൻസികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് തന്നെയാണ്.നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ഏജൻസികളെ മുൻ നിർത്തിയുള്ള രാഷ്ട്രീയ കളിയാണ് നടക്കുന്നതെന്ന ആരോപണവും നിലവിൽ സമൂഹത്തിലുണ്ട്. അതു കൊണ്ട് തന്നെയാണ്, ഇത്രയും ശക്തമായ ആരോപണങ്ങൾക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ വിജയം സംസ്ഥാനത്ത് സാധ്യമായിരിക്കുന്നത്.

സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പൊന്നാനി മണ്ഡലത്തിൽ പോലും മിന്നുന്ന വിജയമാണ് ഇടതുപക്ഷത്തിന് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തുകൾ പോലും ഇവിടെ ഇത്തവണ ഇടതുപക്ഷമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇക്കാര്യങ്ങളും, ഭരണപക്ഷം ഉറപ്പായും സഭയിൽ ചൂണ്ടിക്കാട്ടും. എന്നാൽ, ചെന്നിത്തലയുടെ അവസ്ഥ അതല്ല അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ സ്വമേധയാ ആണ് ശരണ്യ എന്ന യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നത്. ഒരു ഇടപെടലും സ്വാധീനവും ഇതിന് പിന്നിൽ ഇല്ലന്നത് വ്യക്തമാണ്.ചെന്നിത്തലയുടെ അന്നത്തെ പൊലീസ് ഇന്ന് പിണറായിയുടെ പൊലീസാണ്. കാര്യങ്ങൾ മണി മണി പോലെയാണ് ഇനി പുറത്ത് വരിക.പറഞ്ഞ മൊഴി എന്താണെന്ന് പറയാൻ ഇപ്പോൾ ശരണ്യയും ഇവിടെ തന്നെയുണ്ട്. പുനരന്വേഷണത്തിന് സർക്കാർ തയ്യാറായാൽ ചെന്നിത്തല ശരിക്കും പ്രതിരോധത്തിലാകും. അതിന്റെ സാമ്പിൾ ‘വെടിക്കെട്ടാണിപ്പോൾ’ നടക്കാൻ പോകുന്നത്.

Top