വാഷിംഗ്ടണ്‍: 2020ല്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ലോകപ്രശസ്ത അവതാരക ഓപ്ര വിന്‍ഫ്രി.ഡൊണാള്‍ഡ് ട്രംപിനെതിരെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിന്‍ഫ്രി നിലപാട് വ്യക്തമാക്കിയത്.
‘എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കഴിയാത്തത് എന്താണെന്നും ബോധ്യമുള്ളതിനാല്‍ എല്ലായ്‌പോഴും സുരക്ഷിത്വവും ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ട് എന്നെ താല്പര്യപ്പെടുന്ന ഒന്നല്ല അത്. എനിക്ക് അതിനുള്ള ഡിഎന്‍എ ഇല്ല’-ഇന്‍സ്റ്റെല്‍ മാഗസിനുമായുള്ള ഒരു അഭിമുഖത്തില്‍ വിന്‍ഫ്രി പറഞ്ഞു.
ഗോള്‍ഡന്‍ ഗ്ലോബില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച് ഓപ്ര വിന്‍ഫ്രി നടത്തിയ ഗംഭീര പ്രസംഗമാണ് ‘താങ്കള്‍ക്കു യുഎസ് പ്രസിഡന്റായിക്കൂടേ?’ എന്ന പ്രചാരണത്തിന് തുടക്കമിട്ടത്.2020 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെപ്പറ്റി ഓപ്ര ഗൗരവത്തോടെ ആലോചിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഊഹാപോഹങ്ങള്‍ക്കു ബലമേറി.
ടിവി താരം വിന്‍ഫ്രിയുടെ എതിരാളിയാകാന്‍ മുന്‍ റിയാലിറ്റി താരം കൂടിയായ ട്രംപിനു സന്തോഷമേയുള്ളൂവെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചിരുന്നു.