വാഷിങ്ടണ്‍: ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. തെരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണുമാണ് പ്രധാന സ്ഥാനാര്‍ഥികള്‍. അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റും 48ാമത്തെ വൈസ് പ്രസിഡന്റുമാണ് തെരഞ്ഞെടുക്കപ്പെടാനിരിക്കുന്നത്.
ബിസിനസുകാരനും ടെലിവിഷന്‍ വ്യക്തിത്വവുമായ ട്രംപ് കര്‍ക്കശവും വംശീയച്ചുവയുള്ളതുമായ നിലപാടുകളിലൂടെ ഇതിനകം വിവാദ കഥാപാത്രമായിട്ടുണ്ട്. തുടക്കംമുതല്‍ പുറത്തുവന്ന സര്‍വേ ഫലങ്ങളില്‍ ട്രംപിനെതിരെ ഹിലരിക്ക് മുന്‍തൂക്കമുണ്ട്.
എന്നാല്‍, ഇമെയില്‍ വിവാദം ഉയര്‍ന്നതോടെ ഹിലരിയുടെ നില പരുങ്ങലിലായിരുന്നു. ഇമെയില്‍ കേസില്‍ കുറ്റക്കാരിയല്ലെന്ന് കഴിഞ്ഞ ദിവസം വെളിപ്പെട്ടതോടെ ഹിലരിക്ക് പ്രതിച്ഛായ വീണ്ടെടുക്കാനായി.
ട്രംപ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റായിരിക്കും അദ്ദേഹം. ഹിലരി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ വനിതാ പ്രസിഡന്റുമാകും.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്ന്‍ വിര്‍ജീനിയയില്‍നിന്നുള്ള സെനറ്ററാണ്. ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് ചൊവ്വാഴ്ച തെരഞ്ഞെടുക്കുക. ഇലക്ടറല്‍ കോളജ് ചേര്‍ന്നാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുകയെന്നതിനാല്‍ ഇതിലെ ഭൂരിപക്ഷമാണ് നിര്‍ണായകം. 538 ഇലക്ടേഴ്‌സില്‍നിന്ന് 270 അംഗങ്ങളുടെയെങ്കിലും വോട്ടുകള്‍ നേടുന്നയാളാണ് പ്രസിഡന്റാവുക.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രതലവനെ തെരഞ്ഞെടുക്കുക മാത്രമല്ല. ഒരു സര്‍ക്കാരും അതോടൊപ്പം നിലവില്‍ വരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാണ് യുഎസ് പ്രസിഡന്റ്.
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനായി ഒരുങ്ങിയിരിക്കുകയാണ് അമേരിക്ക. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭീകരാക്രമണം നടന്നേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പു വന്നതോടെ സുരക്ഷാ സംവിധാനങ്ങള്‍ പതിന്മടങ്ങ് ശക്തമാക്കിയ പൊലീസ് ന്യൂയോര്‍ക്ക്, ടെക്‌സസ്, വെര്‍ജീനിയ നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വോട്ടെടുപ്പില്‍ കൃത്രിമത്വങ്ങള്‍ തടയാനുള്ള നടപടികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
വോട്ടെടുപ്പു ദിവസം അമേരിക്കന്‍ വോട്ടര്‍മാരെ കശാപ്പ് ചെയ്യാന്‍ ഭീകരസംഘടനയായ ഐഎസ് ആഹ്വാനം ചെയ്തതായ വാര്‍ത്തകള്‍ പുറത്തു വന്നതോടെ കനത്ത പൊലീസ് കാവലിലായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎസ് മാധ്യമമെന്ന് കരുതപ്പെടുന്ന അല്‍ ഹയാത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ‘അമേരിക്കന്‍ ബാലറ്റ് പെട്ടികള്‍ തകര്‍ക്കാനും അമേരിക്കന്‍ വോട്ടര്‍മാരെ കശാപ്പു ചെയ്യാനും ആഹ്വാനമുള്ളത്.
ന്യൂയോര്‍ക്ക്, ടെക്‌സസ്, വെര്‍ജീനിയ നഗരങ്ങളില്‍ അല്‍ ഖായിദ ഭീകരാക്രമണം നടത്തിയേക്കുമെന്ന ഇന്റലിജന്‍സും നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. അതേസമയം ആശങ്കിക്കാനൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണൊരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.