മൊബൈല്‍ ഫോണുകള്‍ മാത്രമല്ല, നമ്മുടെ ടൂത്ത്ബ്രഷും ഇപ്പോള്‍ സ്മാര്‍ടായി കഴിഞ്ഞു. പല്ല് എങ്ങനെ തേയ്ക്കണമെന്നും, ഏതാണ് ശരിയായ രീതിയെന്നതുമാണ് ഈ പുതിയ സ്മാര്‍ട്ബ്രഷ് പറഞ്ഞുതരിക. ഓറല്‍ ബി ജീനിയസ് എക്സ് ഇലക്ട്രിക്ക് ടൂത്ത്ബ്രഷ് എന്ന് പേരിട്ടിരിക്കുന്ന ഇതിനെ വികസിപ്പിച്ചെടുത്തത് ഓറല്‍ ബി ആണ്. വളരെ കൗതുകമുണര്‍ത്തുന്ന പുതിയ സ്മാര്‍ട് ടൂത്ത് ബ്രഷ് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. 220 ഡോളറാണ് ബ്രഷിന്റെ വില,ഏകദേശം 15,000 ഇന്ത്യന്‍ രൂപ വില മതിക്കുന്നതാണിത്.
ബ്ലൂടൂത്ത് വഴി ടൂത്ത്ബ്രഷ് മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് ഈ സ്മാര്‍ട് ടൂത്ത്ബ്രഷ് പ്രവര്‍ത്തിക്കുക. ബ്രഷ് ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ആപ്പില്‍ ടൈമര്‍ ഉള്‍പ്പെടെയുള്ള ബ്രഷ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും. എവിടെയാണ് അടുത്തതായി ബ്രഷ് ചെയ്യേണ്ടതെന്നും ചെയ്യുന്ന രീതി ശരിയാണോ എന്നും പറഞ്ഞുതരുന്നതാണ് ഈ പുതിയ സ്മാര്‍ട് ടൂത്ത് ബ്രഷിന്റെ സവിശേഷത. പല്ല് തേയ്ക്കുന്നത് ശരിയായ രീതിയിലാണോ എന്നുപോലും ടൂത്ത് ബ്രഷ് ഉപയോക്താക്കള്‍ക്ക് പറഞ്ഞുതരും.
കൂടാതെ ശക്തി കൂടുതല്‍ പ്രയോഗിച്ച് തെറ്റായ രീതിയില്‍ ബ്രഷ് ചെയ്താല്‍ തിരുത്താനുള്ള നിര്‍ദേശങ്ങളും ഉടന്‍ തന്നെ മൊബൈലില്‍ കാണിക്കും. സെന്‍സറില്‍ നിന്നും ആപ്പിലേക്ക് വിവരങ്ങള്‍ നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്. ഓറല്‍-ബി 2014 ലും ബ്ലൂടൂത്തോടുകൂടിയ ടൂത്ത്ബ്രഷ് അവതരിപ്പിച്ചിരുന്നു.