ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയും റെഡ് അലര്‍ട്ട് 2399.03 അടിയുമാണ്.
തുലാവര്‍ഷം ശക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 20-ാം തീയതി അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം.
ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ തുറന്നത് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.