കോഴിക്കോട്: കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എംഎല്‍എ നിര്‍മിച്ച അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി ആരംഭിച്ചു.
ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ ടി.ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.
ഇത് ജില്ലാ കളക്ടര്‍ക്ക് നാളെ സമര്‍പ്പിച്ച ശേഷം തടയണ പൊളിച്ച് നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ എംഎല്‍എ ചെക്ക് ഡാം നിര്‍മിച്ചത്.
എന്നാല്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ വാദം. ഇത് പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ അധികൃതര്‍ തീരുമാനിച്ചത്.