പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാന്‍ ഉത്തരവ്. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. കുറവിലങ്ങാട് പൊലീസിനാണ് നിര്‍ദേശം നല്‍കിയത്. കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മതസ്പര്‍ദ്ധ വളര്‍ത്തുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാകും പൊലീസ് കേസെടുക്കുക. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാര്‍കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

‘ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് ‘എന്നായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ ബിഷപ്പിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Top