കോഴിക്കോട്: ആദിവാസികള്‍ക്കുള്ള സൗജന്യ റേഷന്‍ കരിഞ്ചന്തയില്‍ വിറ്റതിനെ തുടര്‍ന്ന് റദ്ദാക്കിയ റേഷന്‍ കടയുടെ ലൈസന്‍സ് പുനസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി അമ്പലകുന്ന് ആദിവാസി കോളനി നിവാസികള്‍. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസറെ കോളനി നിവാസികള്‍ ഉപരോധിച്ചു. കോളനി നിവാസികളുടെ ആവശ്യം ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയെ അറിയിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ആദിവാസികള്‍ക്കുള്ള സൗജന്യ റേഷന്‍ കരിഞ്ചന്തയില്‍ വിറ്റതിനാണ് കോഴിക്കോട് കക്കയത്തെ റേഷന്‍ കടയുടമയായ വല്‍സമ്മ ജോസഫിന്റെ ലൈസന്‍സ് ജില്ലാ കളക്ടര്‍ റദ്ദാക്കിയത്. 226-ാം നമ്പര്‍ റേഷന്‍ കട നടത്തിയിരുന്ന വത്സമ്മ ജോസഫിന്റെ ലൈസന്‍സ് 2016 നവംബറില്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എന്‍ പ്രശാന്ത് ആണ് റദ്ദാക്കിയത്. 88022 രൂപ സര്‍ക്കാരിലേക്ക് പിഴ അടക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ലൈസന്‍സ് റദ്ദാക്കിയതിനെതിരെ വല്‍സമ്മ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കി. തുടര്‍ന്ന് അപ്പീലില്‍ ലൈസന്‍സ് പുനസ്ഥാപിക്കാന്‍ ഉത്തരവായി.
റേഷന്‍ കടയുടെ ലൈസന്‍സ് പുനസ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി കോളനി നിവാസികള്‍ രംഗത്തെത്തിയത്. ലൈസന്‍സ് പുനസ്ഥാപിക്കുന്നതിനുള്ള ഉത്തരവിനെതിരെ കോളനി നിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.