രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തണമെന്ന് ഉത്തരവ്

തിരുവനന്തപുരം: രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തണമെന്ന് ജീവനക്കാരോട് സിഎംഡി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സിഎംഡി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകള്‍ നിര്‍ത്തേണ്ടത്.

സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ ഭിന്നശേഷിക്കാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ മിന്നല്‍ സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ല. നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രാബല്യത്തില്‍ കൊണ്ടുവരികയാണ് കെ.എസ്.ആര്‍.ടി.സി. ടൂറിസ്റ്റ് മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്.

മനോഹരമായ പ്രദേശങ്ങളില്‍ യാത്രക്കാര്‍ക്ക് അല്‍പ്പ നേരം വിശ്രമിക്കാനും സന്ദര്‍ശനം നടത്താനുമുള്ള അനുമതി കെഎസ്ആര്‍ടിസി നല്‍കുന്നു. കൂടാതെ ചുരുങ്ങിയ ചെലവില്‍ വിനോദ യാത്രയും. ഇത്തരം പദ്ധതികളും പുത്തന്‍ പരിഷ്‌കാരങ്ങളും കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളെ ഏറെ ജനപ്രിയമാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Top