കേരളീയത്തിന്റെ സംഘാടകര്‍ ആദിവാസി സമൂഹത്തോട് മാപ്പ് പറയണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളീയം പരിപാടിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരിപാടി അവസാനിക്കുമ്പോള്‍ അവിടെ നടന്നത് കേരളത്തിന് അപമാനകരമാകുന്ന കാര്യങ്ങളാണെന്ന് മനസിലാവും. ആദിവാസി, ഗോത്ര വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന സംഭവമാണ് കേരളീയത്തിലുണ്ടായതെന്നും കേരളത്തിന്റെ യശസ് ലോകത്തിന് മുന്നില്‍ അപമാനിക്കപ്പെട്ടു. വികൃതമായ രീതിയില്‍ അവരെ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തില്‍ അപമാനിച്ചു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘാടകര്‍ ആദിവാസി സമൂഹത്തോട് മാപ്പ് പറയണം. പ്രമുഖരായ വ്യക്തികള്‍ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ പ്രമുഖരായ വ്യക്തികളെയൊന്നും കേരളീയത്തില്‍ കണ്ടില്ല. നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങള്‍ വരുന്ന രീതിയിലുള്ള ഇടപെടലുകളും കേരളീയത്തില്‍ ഉണ്ടായിട്ടില്ല.

മാനവീയം വീഥിയില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണമാണ് നേരിടേണ്ടി വന്നത്. മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും അവിടെ ഏറ്റുമുട്ടി. കേരളീയത്തിലൂടെ അവര്‍ക്ക് ലൈസന്‍സ് കിട്ടിയ അവസ്ഥയാണ്. അവിടെ വിഹരിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കുന്ന സാഹചര്യമുണ്ടായി.

കേരളീയം ധൂര്‍ത്താണ്. പൈസ പിരിക്കാന്‍ ആര്‍ക്കാണ് അധികാരം കൊടുത്തത്. ആറ്റുകാല്‍ പൊങ്കാലയില്‍ ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്ത തിരുവനന്തപുരം മേയര്‍ക്കാണ് ചുമതല നല്‍കിയത്. സര്‍ക്കാര്‍ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തുക എന്നതാണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Top