തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക നിയമനത്തിനായി പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റർ ഹെഡിൽ നിന്നുള്ള കത്ത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. ഒറിജിനൽ കത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ക്രൈംബ്രാഞ്ചിന് ലഭിച്ചത് കത്തിന്റെ സ്‌ക്രീൻഷോട്ട് മാത്രമാണ്. ഒറിജിനൽ കത്ത് കണ്ടെത്തിയാലേ ഇത് വ്യാജരേഖയാണോ എന്ന് കണ്ടെത്താനാകൂ.
ഫൊറൻസിക് പരിശോധന നടത്താനും കത്തു ലഭിക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാകൂ എന്നും ക്രൈബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഒറിജിനൽ കത്ത് നശിപ്പിക്കപ്പെട്ടതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കത്ത് കണ്ടെത്താൻ കേസെടുത്ത് വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് എസ്പി ഡിജിപിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന.