വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടന ഐ.എസ് ഏറ്റെടുത്തു. വെടിവെപ്പ് നടത്തിയ 29കാരന്‍ ഉമര്‍ സിദ്ദീഖ് മതീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്ന് ഐ.എസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സംഭവത്തെ ശക്തമായ ഭാഷയില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അപലപിച്ചു. ഭീകരതയുടെയും വിദ്വേഷത്തിന്റെയും ആക്രമണമാണ് ഒര്‍ലാന്‍ഡോയില്‍ നടന്നതെന്ന് ഒബാമ പറഞ്ഞു. ഭീകരവാദം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്കുകളുടെ ലഭ്യത കുറക്കേണ്ടതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെപ്പ്. ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ സാധിക്കുമോ എന്നും വാര്‍ത്താസമ്മേളനത്തില്‍ ഒബാമ ചോദിച്ചു.
സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയായിരുന്ന ഉമര്‍ സിദ്ദീഖ് മതീന്‍ എഫ്.ബി.ഐയുടെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മതീനെ രണ്ടു വര്‍ഷം മുമ്പ് എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു.
ന്യൂയോര്‍ക്കില്‍ ജനിച്ച അഫ്ഗാനിസ്ഥാന്‍ വംശജനായ ഇയാള്‍ 2009ല്‍ ഉസ്ബകിസ്ഥാന്‍ വംശജ സിതോറ യൂസഫിനെ വിവാഹം കഴിച്ചു. മാനസിക രോഗിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു മാസങ്ങള്‍ക്ക് ശേഷം മതീനുമായുള്ള ബന്ധം സിതോറ വേര്‍പ്പെടുത്തി.
നിശാക്ലബില്‍ അതിക്രമിച്ച് കടന്നയാള്‍ നടത്തിയ വെടിവെപ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. 53 പേര്‍ക്ക് പരിക്കേറ്റു. ഒര്‍ലാന്‍ഡോ പ്രദേശത്തെ പള്‍സ് ക്ലബില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. തോക്കും സ്‌ഫോടക വസ്തുക്കളുമായി ക്ലബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.
ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ലബുകളിലൊന്നാണ് അക്രമം നടന്ന പള്‍സ് ഒര്‍ലാന്‍ഡോ. സംഭവം നടക്കുമ്പോള്‍ 300ഓളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.