മൃതദേഹം വെച്ച് വിലപേശല്‍ വേണ്ട; സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ ഇടപെട്ട് നിയമനിര്‍മ്മാണം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹം കല്ലറകളില്‍ സംസ്‌ക്കരിക്കുന്നത് സംബന്ധിച്ചാണ് നിയമ നിര്‍മ്മാണം നടത്തുക. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്‍കി.

സഭാതര്‍ക്കം മൃതദേഹം അടക്കം ചെയ്യാന്‍ തടസ്സമാകരുത്, കുടുംബകല്ലറ ഏത് പള്ളിയിലാണോ അവിടെ സംസ്‌ക്കരിക്കാന്‍ അനുവാദമുണ്ടാകും, പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം, എന്നതാണ് വ്യവസ്ഥകള്‍.

മൃതദേഹം വെച്ച് തര്‍ക്കിക്കുന്നതും വിലപേശുന്നതും ശരിയല്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ഇത് കുടുംബങ്ങള്‍ക്കും സമൂഹത്തിനും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന സംഭവങ്ങളല്ല ഉണ്ടാകുന്നത് എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നത്.

സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് കല്ലറ തര്‍ക്കം ഉടലെടുത്തത്. നേരത്തെ മൃതദേഹവുമായി യാക്കോബായ വിഭാഗം സമരം നടത്തിയിരുന്നു.

Top