തൃശ്ശൂര്‍ : അവകാശത്തെച്ചൊല്ലി മാന്നാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഓര്‍ത്തഡോക്‌സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളി അടച്ചു. യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി. ഇരുവിഭാഗത്തോടും പള്ളിയില്‍ നിന്ന് മാറാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ കളക്ടര്‍ ടി.വി.അനുപമയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഇരു വിഭാഗങ്ങളായും വീണ്ടും ചര്‍ച്ച നടത്തിയതിന് ശേഷമാണ് പള്ളി അടച്ചത്.
അക്രമം ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പള്ളിത്തര്‍ക്കത്തിലിടപ്പെട്ടത്. അതേസമയം സംഘര്‍ഷം പൊലീസിന്റെ വീഴ്ചയെന്ന് ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്റെ വീഴ്ച്ചയാണിതെന്നും യൂഹനാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.
കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 30 പേര്‍ അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി.
അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ കേസെടുത്തു. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം, കലാപ ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.