സഭാതര്‍ക്കം പരിഹരിക്കാന്‍ പുതിയ നിയമം; കരട് രൂപം സര്‍ക്കാരിന് കൈമാറി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കത്തിന് പരിഹാരവുമായി സര്‍ക്കാര്‍. പ്രശ്‌നം തീര്‍ക്കുന്നതിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ കരട് ബില്‍ തയ്യാറാക്കി. ജസ്റ്റിസ് കെ.ടി.തോമസിന്റെ അധ്യക്ഷതയിലുളള കമ്മിഷന്‍ ബില്ലിന്റെ കരട് രൂപം സംസ്ഥാന സര്‍ക്കാരിന് കൈമാറി. മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട 2017-ലെ സുപ്രീംകോടതി വിധിയെ മറികടക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ഇരുവിഭാഗം തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ഭൂരിപക്ഷം ആര്‍ക്ക് എന്ന് നോക്കി ഉടമസ്ഥാവകാശം നിശ്ചയിക്കണമെന്നും ഭൂരിപക്ഷം നിശ്ചയിക്കാന്‍ റഫറണ്ടം നടത്തണമെന്നും കരടില്‍ വ്യവസ്ഥയുണ്ട്. ഇതിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും പറയുന്നു.

അതോറിറ്റിയുടെ ചെയര്‍മാന്‍ സുപ്രീംകോടതിയില്‍ നിന്നോ, ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച മുതിര്‍ന്ന ന്യായാധിപനായിരിക്കണം. ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളിലെ ഓരോ പ്രതിനിധികളും അംഗമായിരിക്കണം. അതോറിറ്റിയുമായി ഏതെങ്കിലും സഭ സഹകരിക്കുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഉചിതനെന്നു തോന്നുന്ന അംഗത്തെ നിയമിക്കാമെന്നും കരടില്‍ പറയുന്നു. ഈ അതോറിറ്റി എടുക്കുന്ന തീരുമാനം സഭകള്‍ക്ക് ബാധകമായിരിക്കും.

2017 ലെ സുപ്രീകോടതി വിധി വലിയ തോതിലുളള സംഘര്‍ഷമുണ്ടാക്കുന്നുവെന്നാണ് ബില്ലിന്റെ ആമുഖത്തില്‍ ജസ്റ്റിസ് കെ.ടി.തോമസിന്റെ അധ്യക്ഷതയിലുളള സമിതി ചൂണ്ടിക്കാട്ടുന്നത്. മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറികടക്കുന്നതിന് ചര്‍ച്ചകളോ, നിയമ നിര്‍മാണങ്ങളോ സംസ്ഥാന സര്‍ക്കാര്‍ നടത്തരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുളള ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് തന്നെ വിരമിച്ച ഒരു ന്യായാധിപന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നതിനാല്‍ ഇതിന് കൂടുതല്‍ പ്രധാന്യം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അനുമാനം.

Top