ഒരു കുട്ടനാടന്‍ ബ്ലോഗിലെ വിവാഹ ഗാനം പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ആദില്‍ ജഹാന്റെയും അനു സിത്താരയുടെയും വിവാഹ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. സിയ ഉല്‍ ഹഖ്, ഹരിചരന്‍ സെഷാദ്രി, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സേതു തന്നെയാണ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹസംവിധായകനായി യുവനടന്‍ ഉണ്ണി മുകുന്ദന്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. ഷംന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായി ആണ് മമ്മൂട്ടി എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രദീപാണ് ഛായാഗ്രഹണം. ശ്രീനാഥ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നു. ബിജിപാല്‍ പശ്ചാത്തല സംഗീതം. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top