28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഓസ്‌കര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഓസ്‌കര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും. 26 രാജ്യങ്ങളുടെ ഓസ്‌കര്‍ എന്‍ട്രികളാണ് പ്രദര്‍ശിപ്പിക്കുക. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ എന്‍ട്രികളില്‍ അര്‍ജന്റീന, ചിലി, മെക്‌സിക്കോ, ജപ്പാന്‍, മലേഷ്യ, ബെല്‍ജിയം, പോളണ്ട്, തുര്‍ക്കി, ടുണീഷ്യ, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ജര്‍മ്മനി, ഇറ്റലി, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഐഎഫ്എഫ്‌കെയില്‍ എത്തുക.

അതേസമയം, ഫീമെയില്‍ ഗെയ്സ് വിഭാഗത്തില്‍ എട്ട് സ്ത്രീകള്‍ സംവിധാനം ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീകള്‍ അനുഭവിക്കുന്ന ആശങ്കകളും ഉത്കണ്ഠകളും വികാരങ്ങളും പര്യവേക്ഷണങ്ങള്‍ക്കും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ക്കുമാണ് ഫീമെയില്‍ ഗെയ്സ് വിഭഗം വേദിയാകുന്നത്.

ഇതില്‍ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്. ടുണീഷ്യന്‍ സംവിധായികയായ കൗതര്‍ ബെന്‍ ഹനിയയുടെ ‘ഫോര്‍ ഡോട്ടേഴ്‌സ്’, സെനഗല്‍ സംവിധായിക റമാറ്റാ ടൗലേ സിയുടെ ‘ബനാല്‍ ആന്‍ഡ് ആഡാമ’, ലില അവ്‌ലെസ് എന്ന മെക്‌സിക്കന്‍ സംവിധായികയുടെ ‘ടോട്ടം’, മലേഷ്യന്‍ സംവിധായിക അമാന്‍ഡ നെല്‍ യുവിന്റെ ‘ടൈഗര്‍ സ്ട്രൈപ്സ്’, ലിത്വാനിയന്‍ സംവിധായിക മരിയ കവ്തരാത്സെയുടെ ‘സ്ലോ’ എന്നിവയാണ് വനിത സംവിധായകരുടെ ചിത്രങ്ങള്‍.

 

Top